2013, മാർച്ച് 26, ചൊവ്വാഴ്ച

മഴ ..!!

പുറത്ത് ഇടവമാസക്കാറ്റ്‌ വീശിയടിക്കുന്നു.പ്രകൃതി മഴയെ  സ്വാഗതം ചെയ്യുവാനുള്ള ഒരുക്കത്തിലാണ് .പകലത്തെ ചൂട് ,അതിന്‍റെ താക്കീതായിരുന്നു.ജനാല തുറന്നു പുറത്തേക്ക്  നോക്കി ..ആകാശം കറുത്തിരുണ്ട്‌ ഒരു ഭയാനക രൂപം സൃഷ്ടിച്ചിരിക്കുന്നു ..മരങ്ങളും  ചെടികളും പുല്‍ക്കൊടിപോലും പ്രകൃതിയുടെ താണ്ഡവത്തില്‍ നിറഞ്ഞാടുന്നു .എന്തിനെയോ കണ്ടു ഭയപ്പെട്ടതുപോലെ കൂടണയാന്‍ വെമ്പുന്ന പക്ഷികള്‍ ..കാറ്റ് മുഖത്ത് തട്ടി ചിരിച്ചുല്ലസ്സിച്ചു നീങ്ങിയപ്പോള്‍ ഒരു കുഞ്ഞു മഴത്തുള്ളി അതിന്‍റെ സൌഹൃദം മുഖത്തറിയിച്ച് കടന്നു പോയി ...!!

      ''ഉണ്ണീ ..മഴ വരുന്നു ,അകത്തു കയറിക്കോളൂ..''മാധവിയമ്മയാണ്..എന്നെക്കാള്‍ കാര്യമാണ് മാധവിയമ്മക്ക് ഉണ്ണിയെ .ഉണ്ണിയെന്നുള്ള ആ വിളി ദശാബ്ദങ്ങള്‍ക്കുള്ളിലേക്ക് എന്‍റെ ഓര്‍മ്മയെ  പായിച്ചു ...

''ഉണ്ണിമോളെ മഴ നനയല്ല് കേട്ടോ ..നാളെ സ്കൂളില്‍ പോകേണ്ടതല്ലേ..''ദശാബ്ദങ്ങള്‍ക്ക് പിന്നിലിരുന്നു അമ്മ വിളിക്കുന്നത്‌ എനിക്കിപ്പോഴും കേള്‍ക്കാം .അമ്മ ..ഇന്ന് ഞാന്‍ അനുഭവിക്കുന്ന നക്ഷ്ടങ്ങളില്‍ ഏറ്റവും വലുത് .അനേകം കൈയികള്‍ക്കുമേല്‍ ഒരു ചെറുവിരലിനു ശക്തിയുണ്ടെന്നു തെളിയിച്ച എന്‍റെ അമ്മ ..പുതിയ യൂണിഫോമും ബാഗുമൊക്കെ റെഡിയാക്കി വെച്ചിട്ടുണ്ട് .എത്ര പൈസയില്ലെങ്കിലും അച്ഛന് നിര്‍ബന്ധമാണ് സ്കൂള്‍ തുറക്കുന്ന ആദ്യ ദിവസം പുത്തന്‍ യൂണിഫോമിട്ട് ഞാന്‍ സ്കൂളില്‍ പോകണമെന്ന് .ഒരു യൂണിഫോം പോലും സ്വന്തമായി ഇല്ലാതെ ചേട്ടന്മാരുടെ കീറിയ യൂണിഫോമിന്റെ അവകാശിയാകേണ്ടിവന്ന ചെറുപ്പകാലത്തിനോടുള്ള വാശിയായിരിക്കാം അത് .

                    മഴ കനക്കുമ്പോള്‍ അച്ഛന്‍റെ മുഖത്തുള്ള ആ ഭയം ചെറിയ കുട്ടി ആയിരുന്നെങ്കിലും എനിക്കറിയാമായിരുന്നു .പലക കൊണ്ടുണ്ടാക്കിയ നാല് മരക്കാലില്‍ നില്‍ക്കുന്ന ആ കൊച്ചു വീട് മറിയാന്‍ പ്രാര്‍ത്ഥനയില്‍ ഒരംശം കുറഞ്ഞാല്‍ മതിയാകും .വെള്ളം ഓരോ ഇഞ്ച് കയറുമ്പോഴും അച്ഛന്‍ വീടിനുള്ളില്‍ എടുത്തുവെയ്ക്കുന്ന ഇഷ്ടികകളുടെ എണ്ണം കൂടിയിരിക്കും .ഞാന്‍ ഓര്‍ക്കുന്നുണ്ട് ,മുട്ടറ്റം വെള്ളത്തില്‍ നിന്ന് അമ്മ ഭക്ഷണം ഉണ്ടാക്കിയതും ,ഇഷ്ടിക വെച്ച് പൊക്കിയ കട്ടിലില്‍ ഇരുന്നു താഴെ മീനുകള്‍ തത്തിക്കളിക്കുന്നത് കണ്ടു ഞാന്‍ രസിച്ചതും എല്ലാം ..ചുറ്റുമുള്ള വീടുകളില്‍ ആരും കാണില്ല .എല്ലാവരും ബന്ധുക്കളുടെ വീടുകളില്‍ അഭയം തേടിയിട്ടുണ്ടാവും.രാത്രി ഇടിവെട്ടി മഴ പെയ്യുമ്പോള്‍ ,അച്ഛനും അമ്മയും നടുക്ക്  ഞാനും കെട്ടിപ്പിടിച്ചു കിടക്കും ..അവര്‍ ഉറങ്ങുന്നുണ്ടാവില്ല .ഇഷ്ടിക പൊക്കത്തിനും അധികമായി വെള്ളം പൊങ്ങുമ്പോള്‍ ഞങ്ങള്‍ വീട് വിട്ടു അടുത്തുള്ള വീട്ടില്‍ അന്തിയുറങ്ങാന്‍ പോകും .കഴുത്തറ്റം വെള്ളത്തില്‍ ഒരു പാതിരാത്രി അച്ഛന്‍ എന്നെയും കൊണ്ട് അടുത്ത വീട്ടില്‍ പോയത് ഞാന്‍ ഓര്‍ക്കുന്നു .പ്രണയിച്ചു വിവാഹം കഴിച്ചവര്‍ക്ക് ബന്ധുജനങ്ങള്‍ അന്യമായിരുന്ന കാലം ..

                            ഇപ്പോഴും വേദനിപ്പിക്കുന്ന ഒരു ചിത്രം ഗര്‍ഭിണിയായ അമ്മയുടെ നിസഹായാവസ്ഥയാണ്.ജോലി കഴിഞ്ഞു വന്നു ,സ്കൂള്‍ വിട്ടു പാര്‍ട്ടി ഓഫീസില്‍ വന്നിരിക്കുന്ന എന്നെയും കൊണ്ട് വഴി മുഴുവന്‍ വെള്ളത്തില്‍ നീന്തി വന്നിട്ട് വീടിന്‍റെ സൈഡിലുള്ള കയ്യാലയില്‍ നിന്ന് കരഞ്ഞത് .അപ്പോഴേ നില്‍ക്കുന്നത് അരയറ്റം വെള്ളത്തില്‍ ..തണുത്തു മരച്ചു ഇടവപ്പാതിയില്‍ നനഞ്ഞു ..താഴോട്ടു ഇറങ്ങിയാല്‍ കഴുത്തോളം വെള്ളം ..പാവം എന്ത് ഭയന്നിട്ടുണ്ടാവും അന്ന് ..!!

                                സന്തോക്ഷങ്ങള്‍ മാത്രം നിറഞ്ഞു നിന്ന ആ കൊച്ചു വീട്ടില്‍ ,കരിവിളക്കിന്‍റെ നിഴലില്‍ ഇടയ്ക്കിടയ്ക്ക് കയറിവന്നു ഭയപ്പെടുത്തുന്ന മഴ ..വഴിയിലൂടെ ഒരു വള്ളമോ മറ്റോ പോയാല്‍ നാലുപാടും അച്ഛന്‍റെ കണ്ണോടും..ഓളം തട്ടി ആ കുടില് താഴെ വീണാലോ ??

                                  വര്‍ഷങ്ങള്‍ ഞങ്ങളെ കാത്തു പരിപാലിച്ച ആ കൊച്ചു വീട് മറ്റൊരു ഇടവപ്പാതിയില്‍ ,പുതിയ വീടിന്‍റെ ജനലില്‍ കൂടി മഴയെ ഭയമില്ലാതെ ആസ്വദിക്കവേ എന്‍റെ കണ്മുന്‍പില്‍ തകര്‍ന്നു വീണു ..രക്ഷകന്‍റെ നടനം അവസാനിപ്പിച്ച്....!!!

1 അഭിപ്രായം:

  1. എങ്ങിനെയോ ഇവിടെ എത്തി.വെറുതെയായില്ല.
    ഹൃദ്യമായ വായനാനുഭാവമാണ് എനിക്കിവിടം സമ്മാനിച്ചത്.
    നന്ദി

    മറുപടിഇല്ലാതാക്കൂ

thank you..