2012, മാർച്ച് 28, ബുധനാഴ്‌ച

വിധിവൈപരീത്യം

ഇനി രണ്ടാഴ്ച കൂടി ,വീട്ടില്‍ എത്താന്‍ ...ഒരു വര്‍ഷത്തെ കാത്തിരിപ്പിനെക്കള്‍ അസഹനീയം ആണ് ദിവസം അടുക്കുമ്പോള്‍ ഉള്ള മണിക്കൂറുകളുടെ വ്യാപ്തി .കഴിഞ്ഞ പത്തു പന്ത്രണ്ടു വര്‍ഷമായി ഇതൊരു തുടര്‍ക്കഥ ആണെങ്കിലും ഈ അവസാനഘട്ട കാത്തിരിപ്പ്‌ എന്നും പുതുമയാണ് .സ്വപ്നങ്ങള്‍ക്കും ഓര്‍മകള്‍ക്കും ശക്തി കൂടുന്ന സമയം.മനസ്സില്‍ നൂറു പ്ലാനുകള്‍ ആണ് ,വിരലില്‍ എണ്ണാവുന്നതെ നടക്കാറുള്ളൂ എന്നത് സത്യം.ഹോസ്റ്റല്‍ വിട്ടു കാറില്‍ കയറുമ്പോള്‍ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാന്‍ തോന്നിയിട്ടില്ല  ,ഫ്ലൈറ്റ് പറന്നുയരുമ്പോള്‍ ഈ മരുഭൂമിയിലെ ഒരു ജീവാണു പോലും മനസ്സില്‍ ഉണ്ടാവാറില്ല .എത്രയും പെട്ടെന്ന് വീടണയാന്‍ ഉള്ള തിടുക്കം .നിദ്ര ദൂരത്തെ സാധൂകരിക്കും എന്നാ വിശ്വസത്താല്‍ ആണ് എത്രയും പെട്ടെന്ന് അതിനെ പുല്‍കാന്‍ ശ്രേമിക്കുന്നത് .

                        ഫ്ലൈറ്റ് ലാന്‍ഡ്‌ ചെയ്യുമ്പോള്‍ ഉള്ള ആളുകളുടെ തത്രപ്പാട് കാണുമ്പോള്‍ തോന്നും പ്രവാസികള്‍ ...അല്ല ,അങ്ങനെ പറയാന്‍ ഒക്കില്ല ,...നാട് വിട്ടു കഴിയുന്നവര്‍ ആകാം ഒരു പക്ഷെ നാടിനെ കൂടുതല്‍ സ്നേഹിക്കുന്നത് എന്ന് .ആള്‍ക്കൂട്ടത്തിനിടയില്‍ വീട്ടുകാരെ തിരയുമ്പോള്‍ ,രണ്ടു കണ്ണിനു പകരം നൂറു കണ്ണ് തന്നിരുന്നെങ്കില്‍ എന്നത് ഒരു അബദ്ധ ചിന്തയാണ് .കെട്ടിപ്പിടുത്തത്തിന്‍റെയും പൊട്ടിക്കരയിലിന്‍റെയും പരിഭവങ്ങളുടെയും അവസാനം കാറില്‍ കയറുമ്പോള്‍ ക്ഷീണിത ആയിട്ടുണ്ടാവും.അമ്മയുടെ മടിയില്‍ തല ചായ്ച്ചു കിടക്കുമ്പോഴും അച്ഛന്‍റെ ലാളന ഏറ്റു വാങ്ങിയുള്ള സുഖ നിദ്ര .ആശിച്ചു മോഹിച്ചുണ്ടായ കുഞ്ഞനിയനെ അഞ്ചു വയസ്സ് തികയും മുന്‍പേ പിരിയേണ്ടി വന്നതാണ്.അത് കൊണ്ട് തന്നെ അവന്‍റെ സ്നേഹത്തിനും കുസൃതികള്‍ക്കും ഞാന്‍ അവന്‍റെതു മാത്രം ആണ് എന്ന് വാദിക്കാന്‍ ഉള്ള ഒരു ശക്തി ഉണ്ട്.

                            ഇനി കുറച്ചു നിമിഷങ്ങള്‍ മാത്രം ..എന്‍റെ നാട്ടില്‍ എത്താന്‍'.കണ്ണ് പായുന്നത് വണ്ടിയെക്കള്‍ വേഗത്തില്‍ ആണ് .മാറ്റങ്ങള്‍ അറിയാന്‍ .അറിയുന്ന മുഖങ്ങളെ കാണുമ്പോള്‍ ഒരു സന്തോഷം .ക്ഷീണം എല്ലാം അകന്നു പോയിരിക്കുന്നു .നാടിന്‍റെ ഗന്ധം അത് ഞാന്‍ അനുഭവിക്കുനുണ്ട് .ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കളിച്ചു നടന്ന അമ്പല മുറ്റം കണ്ടപ്പോള്‍ മധുര സ്മൃതികളുടെ ഒരു നീരൊഴുക്ക് മനസ്സില്‍ കടന്നു വന്നു .ഒരു പക്ഷെ എന്‍റെ തോന്നല്‍ ആയിരിക്കാം ...ഓര്‍മ്മ വെച്ച നാള്‍ മുതല്‍ പരിഭവങ്ങളും സന്തോഷങ്ങളും എല്ലാം പറഞ്ഞു കേള്‍പ്പിച്ചു ,എല്ലാം ക്ഷമയോടെ കേട്ട് കൊണ്ടിരുന്ന ,എന്തിനേറെ പറയുന്നു സൌദിയില്‍ എന്‍റെ റൂമില്‍ ഞാന്‍ പ്രേതിഷ്ടിച്ചിരുന്ന കള്ളക്കണ്ണന്‍ ഇതാ ശ്രീകോവിലില്‍ നിന്നും ഇറങ്ങി ആല്‍ത്തറയില്‍ എന്നെ കാണാന്‍ വന്നിരിക്കുന്നു.അപ്പോള്‍ തോന്നിയ ഭക്തിയിലോ സ്നേഹത്തിലോ തൊഴുകൈകളോടെ ഞാന്‍ നിന്നു ,ശൂന്യമായ അമ്പലമുറ്റത് ആനയും അമ്പാരിയും എല്ലാം ഞാന്‍ കാണുന്നുണ്ട് ...നക്ഷ്ടമായ ഉത്സവ ദിനങ്ങള്‍ .ഞങ്ങളു പിള്ളേര് സെറ്റ്‌ എല്ലാരും കൂടെ ആനക്കാരന്‍റെ പുറകെ ആണ് ..ആനവാല് കിട്ടാന്‍ ,അതൊക്കെ ഒരു കാലം .

                                അടുത്ത വളവു തിരിഞ്ഞാല്‍ വീട്ടിലേക്കുള്ള ഊടു വഴിയായി .ഞാന്‍ സ്കൂളിലേക്ക് പോയിരുന്ന വഴിത്താരകള്‍ ആണ് ഇതൊക്കെ .ബാഗും തോളത്തിട്ടു വാട്ടര്‍ ബോട്ടിലും തൂക്കി ചാറ്റല്‍ മഴയില്‍ കുട എടുക്കാന്‍ മടിച്ചു ,ബസ്‌ പിടിക്കാന്‍ ഒരു ഓട്ടമാണ് .കാവിലെ ഭഗവതിയെ തൊഴുതു വീട്ടിലേക്കു തിരിയുമ്പോള്‍ ഇടനെഞ്ചില് തീ ആളിക്കത്തുകയാണ് .എന്‍റെ നാട് ...എന്‍റെ വീട് !!ആ കാറില് ഞാന്‍ ആണെന്ന് അറിയാവുന്നത് കൊണ്ടാവാം ഊളിയിട്ടു നോക്കുന്നുണ്ട് ഷീന ചേച്ചിയുടെ അമ്മ .ആ നോട്ടം എന്നില്‍ ഉടക്കിയത് കൊണ്ടാവാം വണ്ടി നിര്‍ത്താന്‍ ഞാന്‍ പറഞ്ഞത് .ഇറങ്ങി അവരെ കെട്ടിപ്പിടിക്കുമ്പോള്‍ പണ്ട് അവിടുന്നുണ്ട ചോറിന്റെ സ്വാദ് നാവില്‍ തങ്ങി നിന്നു....

                                    അവിടെ നിന്ന് മാത്രം അല്ല ഈ വീടുകളില്‍ പലതും ചെറുപ്പത്തില്‍ എന്‍റെ  ഊട്ടുപുര ആയിരുന്നു.അച്ഛനും അമ്മയും ജോലിക്ക് പോയി കഴിഞ്ഞാല്‍ വാനരപ്പട മുഴുവന്‍ വീടിനു മുന്‍പില്‍ ഹാജര്‍ ആണ് .പിന്നെ ഞങ്ങളുടെ വിഹാര കേന്ദ്രങ്ങള്‍ ആണ് ഓരോ വീടും തൊടിയും .വഴിയിലൂടെ നടന്നത് കൊണ്ടാവാം സ്നേഹാന്വേഷണങ്ങളുമായി എല്ലാവരും ചുറ്റും കൂടി .ക്ഷീണിച്ചതിന്‍റെയും വണ്ണം വെച്ചതിന്‍റെയും കണക്കെടുപ്പുകള്‍ .ഏറ്റവും ഈര്‍ഷ്യ തോന്നിയത് ആശ്രയമ്മ 'ഇനി തിരിച്ചു എപ്പോഴാണ് എന്നു ചോദിച്ചപ്പോള്‍ ആണ്.അതിന്‍റെ പരിഭവം എന്ന വണ്ണം ചുക്കി ചുളിഞ്ഞ ആ കൈകളില്‍ ഒരു ഞെക്ക് കൊടുത്തു ,മുഖം വീര്‍പ്പിച്ചു പിണക്കം നടിച്ചു ഞാന്‍ നടന്നു .

                                       ലെഗ്ഗെജ് ഒക്കെ ഇറക്കി വെച്ച് അച്ഛനും അമ്മയും അനിയനും വീട്ടില്‍ കാത്തിരിക്കുകയാണ് .പൊതു ജന സമ്പര്‍ക്ക പരിപാടി കഴിഞ്ഞു ഞാന്‍ വീട്ടില്‍ എത്തി ,ഒരു മാറ്റവും ഇല്ല ,പെയിന്‍റ് പോയ ഭാഗങ്ങള്‍ വരെ അതേ പടി ..കുറച്ചു മങ്ങല്‍ ഉണ്ടോ എന്ന് ഒരു സംശയം .ആദ്യമായിട്ട് കാണുന്നത് പോലെ ഉള്ള ഒരു ആകാംക്ഷ ആണ് എന്‍റെ മുഖത്ത് .മുററത്ത്‌ പുതിയ ചെടികള്‍ ഒക്കെ സ്ഥാനം പിടിച്ചിരിക്കുന്നു .എന്‍റെ നിരീക്ഷണം കണ്ടിട്ടാവണം അച്ഛന്‍ പറഞ്ഞു ,'എന്‍റെ കുട്ട്യേ ,നീ വരുന്നൂന്നു അറിഞ്ഞിട്ടവാണം മാവും പ്ലാവും ഞാവലും പേരയുമെല്ലാം കായ്ച്ചിട്ടുണ്ട്.''വീട്ടിലെ ചോറിനെക്കാള്‍ തൊടിയിലെ മരങ്ങളില്‍ ഊഞ്ഞലാടിയും കാക്കയും അണ്ണാറക്കന്നനെയും ഒക്കെ ചീത്ത വിളിച്ചും കൊണ്ട് പേരക്കയും മാങ്ങയും ഒക്കെ തിന്നു നടന്ന ബാല്യം ..!!!

                                   വീട്ടിലേക്കു കയറേണ്ടി വന്നില്ല ,അതിനു മുന്‍പേ ഒരു വര്‍ഷം. മുഴുവന്‍ സൂക്ഷിച്ചു വെച്ച സ്നേഹത്തോടെ എന്‍റെ കുഞ്ഞനിയന്‍ തോളത്ത് കയറി ,ഹയി!!കാല് നിലത്ത് മുട്ടിയിട്ടും അവന്‍റെ വിചാരം അവന്‍ കുഞ്ഞു ആണെന്നാ.എല്ലാരുടെയും കണ്ണുകളില്‍ വിരിയുന്ന ആനന്ദാശ്രു സ്വീകരിച്ചു കൊണ്ട് തന്നെ അടുക്കളയിലേക്ക് ഓടി .എന്‍റെ ഊഹം തെറ്റിയില്ല ,പതിവുപോലെ എന്നെ കാത്തു ഒരു കുല വാഴപ്പഴവും ചക്കയും ഒക്കെ ഇരിപ്പുണ്ട് .ഡൈനിങ്ങ്‌ ടേബിളിലെ പാത്രങ്ങള്‍ ഓരോന്ന് തുറന്നു നോക്കുമ്പോഴും വിശപ്പ്‌ കൂടുക ആയിരുന്നു ,അവിയലും സാമ്പാറും ചക്കക്കുരു മാങ്ങയും ,മോര് കൂട്ടാന്‍ ..ഹാ ...!!!കുറച്ചു അവിയല്‍ എടുത്തു വായില്‍ ഇട്ടു ഒരു താത്ക്കാലിക ശമനം ഉണ്ടാക്കി .

                                    കഴിച്ചതിനു ശേഷം തൊടിയില്‍ ഇറങ്ങി എല്ലാ പക്ഷി മൃഗാദികളോടും കുശലം ചോദിച്ചു .ചിലരൊക്കെ പുതുമുഖങ്ങള്‍ ,എന്തൊരു പച്ചപ്പാണ് ചുറ്റും ...ഞാന്‍ നട്ട മാവ് നിറയെ ഉണ്ണി മാങ്ങകളുമായി നില്‍ക്കുന്നു .അതിനെ ഒന്ന് തലോടിയപ്പോള്‍ ചില്ലകള്‍ അനക്കി അത് സ്നേഹം പ്രകടിപ്പിച്ചു .കഴിഞ്ഞ പ്രാവശ്യം പേടിപ്പിച്ചത് കൊണ്ടാവാം വരിക്കപ്ലാവ് ഒരു കുഞ്ഞി ചക്ക ഇത്തവണ തന്നിട്ടുണ്ട് .ആ മാവിന്‍റെ അടുത്ത് ഒന്നുകൂടി പോയി നില്ക്കാന്‍ തോന്നി .അതിന്‍റെ ചുവട്ടില്‍ ആയിരുന്നു ഞങ്ങളുടെ ആ കൊച്ചു വീട് ഉണ്ടായിരുന്നത് .ഇത്തിരി പോന്ന എന്നെയും നടുക്ക് കിടത്തി അച്ഛനും അമ്മയും താരാട്ട് പാടി ഉറക്കിയിരുന്നത്,കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍ കണ്ടിരുന്നത് ,ഒരുപാട് സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ച ഞങ്ങളുടെ കൊച്ചു സ്വര്‍ഗം .ഇന്ന് അതവിടെ ഇല്ല .ഒരു മഴവെള്ളപ്പാച്ചിലില്‍ അത്രയും നാള്‍ ഞങ്ങളെ സംരെക്ഷിച്ചിരുന്ന വീട് പുതിയ ഭവനത്തിന്‍റെ ഗര്‍വ്വ് കണ്ടതിനാല്‍ ആവാം സ്വയം ഒഴുകിപ്പോയത് .ആ വീടിനോട് ഉള്ള എന്‍റെ പ്രത്യേക വാത്സല്യം കൊണ്ടാവാം പുതിയ വീട്ടിലേക്ക് ചേക്കേറിയിട്ടും  ഒരു കസേരയും കട്ടിലും ആയി എന്‍റെ സ്വര്‍ഗം ഞാന്‍ അവിടെ പുനപ്രേതിഷ്ടിച്ചത്.

                                          വീട്ടില്‍ ഞാന്‍ ഉപയോഗിച്ചിരുന്ന ഓരോ സാധനങ്ങളും പൊടി തട്ടി എടുക്കുമ്പോള്‍ ഒരു വല്ലാത്ത ഉണര്‍വ്വ് ആയിരുന്നു .എന്‍റെ ടി ഷര്‍ട്ടും ,പാന്‍സും എല്ലാം ഇപ്പോള്‍ എന്‍റെ അനിയന്‍റെ കസ്റ്റ്ടിയില്‍ ആണ് എന്നറിഞ്ഞിട്ടും അവനോടു തെല്ലും വിദ്വേഷം തോന്നിയില്ല .അമ്പലവും സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ആയി വീട് ഒരു ഉത്സവ തിമിര്‍പ്പില്‍ ആയിരുന്നു .അഞ്ചുക്കുട്ടി വന്നാല്‍ വീടോന്നു ഇളകി മറിയും എന്നുള്ള എന്‍റെ വല്യമ്മ കുട്ടീസ്സിന്‍റെ കമന്‍റ് ഇത്തവണയും ഉണ്ടായിരുന്നു .എനിക്ക് ശാസനയോടെ ചോറ് വാരിത്തരികയും കളിപ്പിക്കുകയും ഒക്കെ ചെയ്ത വല്യമ്മ സെറ്റിലെ രണ്ടുമൂന്നു പേരുടെ മരണം അറിഞ്ഞിരുന്നെങ്കിലും അവരില്ലാത്ത ആ ഉമ്മറപ്പടികള്‍  കണ്ണ് നനയിച്ചു .സന്തോഷ ലഹരിയില്‍ ദിവസങ്ങള്‍ പോയത് അറിഞ്ഞില്ല .ഇനി രണ്ടു മൂന്നു ദിവസങ്ങള്‍ .കൊണ്ട് പോകാന്‍ ഉള്ളതൊക്കെ തയ്യാറാക്കുംബോളും,അച്ഛന്‍റെയും  അമ്മയുടെയും പരിഭവങ്ങളും അടക്കി പിടിച്ച വിതുമ്പലുകളും അവര്‍ അറിയാതെ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു .നക്ഷ്ടപ്പെട്ടു പോകുമോ എന്നാ ഭയത്താല്‍ ആയിരിക്കാം എന്‍റെ അനിയന്‍ എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നത് .അമ്മയുടെ കൈവിരലുകള്‍ തലമുടിയിഴകളില്‍ ഓടിനടക്കുന്നുണ്ട് ,അച്ഛന് സംസാരിച്ചിട്ടും പോരായ്മ ഉള്ളത് പോലെ ചെറുപ്പത്തിലെ കുസൃതികള്‍ ഓരോന്നായി അയവിറക്കി കൊണ്ടിരിക്കുന്നു .

                                           ഇന്ന് എല്ലാത്തിനോടും യാത്ര പറഞ്ഞു ഇറങ്ങുകയാണ്.തൊടിയിലെ പൂക്കള്‍ക്കും മരങ്ങള്‍ക്കും എല്ലാം ഞാന്‍ പോകുന്നുന്നത് കൊണ്ടാണോ എന്നറിയില്ല ഒരു മ്ലാനത .പ്ലാവില്‍ നിന്നും ഇന്ന് അധികമായി ഇല കൊഴിയുന്നുണ്ട് .ഒരു മന്ദമാരുതന്‍ എന്നെ തഴുകി കടന്നു പോയപ്പോഴേക്കും ഞാന്‍ കാറിനുള്ളില്‍ ഇടം തേടിയിരുന്നു . ചിരിച്ചു യാത്ര അയക്കുമ്പോഴും വിതുമ്പുന്ന ഹൃദയങ്ങള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു .ഞാന്‍ സ്നേഹിച്ചിരുന്ന സന്തോഷം കണ്ടെത്തിയിരുന്ന എന്‍റെ വീടും തൊടിയും നാടും എല്ലാം വീണ്ടും എനിക്ക് അന്യമാവുക ആണ് ,ആ സുരക്ഷിതത്വം വീണ്ടും എനിക്ക് നക്ഷ്ടമാകുന്നു ,വീണ്ടും മണല്ക്കാറ്റിന്‍റെയും ഈന്തപ്പനകളുടെയും കാത്തിരുപ്പിന്‍റെയും ലോകത്തേക്ക് .എയര്‍പോര്‍ടിലേക്ക് യാത്ര പറഞ്ഞു  കയറുമ്പോള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു ആറു കണ്ണുകള്‍ നിറഞ്ഞുകവിയുന്നത് .എന്‍റെ കണ്ണുകള്‍ നിറയുന്നത് കാണാതിരിക്കാന്‍ പുറം തിരിഞ്ഞു നടക്കുമ്പോഴും വെറുതെ എങ്കിലും മനസ്സില്‍ ആശിച്ചു ,''ഒന്ന് തിരിച്ചു വിളിച്ചിരുന്നെങ്കില്‍ ...???''അമ്മയുടെ ചാരത്ത് കിടക്കുമ്പോള്‍ ഉള്ള ആ സുഖം ...ചൂട് ..സ്നേഹം അത് ഇനി എന്ന് കിട്ടാന്‍ .അച്ഛന്‍റെ കരവലയത്തില്‍ ഒതുങ്ങി ഇനി എന്ന് തമാശകള്‍ പറഞ്ഞു ചിരിക്കാന്‍ ?എന്‍റെ അനിയന്‍ കുട്ടനെ ലാളിച്ചു കൊതി തീര്‍ന്നിട്ടില്ല ...ഇല്ല ..ഇനി തിരിഞ്ഞു നോക്കരുത് ....ഇനി എന്‍റെ ലോകത്ത് എണ്ണപ്പലഹാരങ്ങളുടെയും അച്ചാറിന്‍റെയും ഗന്ധം മാത്രം ...

                                            ഹോ....മനസ്സില്‍ മായാതെ നില്‍ക്കുന്ന ചില നനുത്ത ഓര്‍മ്മകള്‍ ..എല്ലാം നക്ഷ്ടമാവുന്നു ..ഈ നശിച്ച ജീവിതം നക്ഷ്ടങ്ങള്‍ക്ക് മാത്രം ഉള്ളതോ ...???എ സി യുടെ തണുപ്പില്‍ മരവിച്ച ഓര്‍മ്മകളും പേറി ഇനി ഒരു വര്‍ഷത്തെ കാത്തിരുപ്പ് .ചില നിമിഷങ്ങള്‍ ഭ്രാന്തമായി പോകുമെന്ന് ഒരു തോന്നല്‍ .മിസ്സിംഗ്‌ എന്ന ഓമനപ്പേരില്‍ അതിനെ ലാളിക്കാം .ഓണ്‍ലൈനും സുഹൃത്തുക്കളും വീട്ടില്‍ നിന്നും വരുന്ന ഫോണ്‍ വിളികളും ഒക്കെ ആയി ഒരു കാത്തിരിപ്പ് ..നാടും വീടും ഉപേക്ഷിച്ചുള്ള ഈ ജീവിതം മതിയാക്കാം എന്ന് വെച്ചാല്‍ ...മുന്നില്‍ നൃത്തം ചെയ്യുന്ന പ്രശ്നങ്ങള്‍ക്ക് ആര് ഉത്തരം നല്‍കും ??എങ്കിലും ആശിക്കുന്നു ..ഓരോ നിമിഷവും ..ഒരു പിന്‍വിളിക്കായി ....

                                       

                                 

4 അഭിപ്രായങ്ങൾ:

  1. ,'എന്‍റെ കുട്ട്യേ ,നീ വരുന്നൂന്നു അറിഞ്ഞിട്ടവാണം മാവും പ്ലാവും ഞാവലും പേരയുമെല്ലാം കായ്ച്ചിട്ടുണ്ട്.'' നന്നാവുന്നുണ്ട് എന്‍റെ കുട്ട്യേ ഈ വാചകം എനിക്ക് വളരെ ഇഷ്ട്ടമായി

    മറുപടിഇല്ലാതാക്കൂ
  2. ,'എന്‍റെ കുട്ട്യേ ,നീ വരുന്നൂന്നു അറിഞ്ഞിട്ടവാണം മാവും പ്ലാവും ഞാവലും പേരയുമെല്ലാം കായ്ച്ചിട്ടുണ്ട്.''
    നാന്നയിട്ടുണ്ട് അന്ജുട്ടി

    മറുപടിഇല്ലാതാക്കൂ

thank you..