2013, മാർച്ച് 8, വെള്ളിയാഴ്‌ച

ലോക്കോ പൈലെറ്റ്‌

ലോക്കോ പയിലറ്റ്‌
__________________

ലോക്കോ പൈലറ്റ് ആയി ജോലി ലഭിച്ചപ്പോള്‍ കുടുംബത്തിനു ആരു ആശ്വാസം ആകുമെന്നേ കരുതിയിരുന്നുള്ളൂ .പക്ഷെ ,എനിക്ക് മുന്‍പില്‍ തീവണ്ടിക്ക് മരണത്തിന്റെയും ജീവിതത്തിന്റെയും സംരെക്ഷണത്തിന്റെയും ഒക്കെ മുഖം തന്നത് ആ ജോലി ആയിരുന്നു .പാളത്തിന്റെയും ചക്രത്തിന്റെയും ഇടയില്‍ ഒരംഗുലം മാത്രം വരുന്ന ബന്ധത്തില്‍ സമാന്തരങ്ങളായി കാറ്റും മഴയും വെയിലും ഒന്നും കണക്കാക്കാതെ ലക്ഷ്യസ്ഥാനത്ത്എത്താന്‍ കാതങ്ങള്‍ തേടിയുള്ള യാത്ര .കണ്ണൊന്നു ചിമ്മിയാല്‍ തെറ്റുന്ന ലക്ഷ്യം കണക്കിലെടുക്കാതെ എന്നിലര്‍പ്പിച്ച വിശ്വാസത്താല്‍ ,കുഞ്ഞുന്നാളില്‍ താരാട്ടുപാടി അമ്മയുറക്കുന്ന തൊട്ടിലില്‍ വിരല്‍ കുടിച്ചു കിടക്കുന്നത് പോലെ ബര്‍ത്തില്‍ സുഖമായുറങ്ങുന്നു യാത്രക്കാര്‍ .

കേട്ട് മാത്രം പരിചയമുള്ള ട്രെയിന്‍ run ഓവര്‍ ,നേരിട്ട് കാണാനിടയായത് ജോലി കിട്ടി മൂന്നു മാസം കഴിഞ്ഞപ്പോള്‍ :കൈകൂപ്പി ദൈന്യതയോടെ ഇരുട്ടിന്‍റെ മറവില്‍ നിന്നും പാലത്തിലെ സിഗ്നലിന്റെ വെളിച്ചത്തിലേക്ക് വന്ന ചെറുപ്പക്കാരന്റെ രൂപത്തില്‍ ..വെള്ള മുണ്ടും നിറം മങ്ങിയ ഷര്‍ട്ടും ധരിച്ചിരുന്ന അയാളുടെ മുഖത്തെ ദൈന്യത ഇന്നും എന്നെ വേട്ടയാടുന്നു .ജീവിതം മടുത്ത ഒരു വ്യെക്തിയുടെ മുഖഭാവം ആയിരുന്നില്ല തൊഴുകയ്യോടെ തീവണ്ടിയുടെ മുന്‍പില്‍ നിന്നിരുന്ന ആ നിര്‍വികാര ജന്മത്തിനു..ജീവിക്കാനുള്ള ഒടുങ്ങാത്ത തൃക്ഷ്ണയില്‍ പരാജയം പലവട്ടം രുചിച്ചറിഞ്ഞ ഒരുവന്റെ ഭാവമായിരുന്നു ..കുതിച്ചു പാഞ്ഞു വന്ന തീവണ്ടിയുടെ ചുവന്ന ബട്ടന്‍ അമര്‍ത്തി നിര്‍ത്താന്‍ വിഫലമായി ശ്രമിച്ചും നിസഹായതയോടെ വിസിലടിച്ചും അജ്ഞാതനായ ആ യുവാവിനെ മരണത്തിന്റെ പടിവാതില്‍ക്കല്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രേമിക്കുകയല്ലാതെ എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും ?

ഏകദേശം മൂന്നാള്‍ പൊക്കത്തില്‍ ഉയര്‍ന്നു പൊങ്ങി വീണ്ടും പാളത്തില്‍ തെറിച്ചു വീണ ആ മനുഷ്യശരീരത്തെ ഒരു കൊലപാതകിയുടെ ലാഘവത്തോടെ തീവണ്ടി ചതച്ചരച്ച് മുന്നോട്ടു നീങ്ങുമ്പോള്‍ ഞാന്‍ കണ്ണുകള്‍ മുറുകെ അടച്ചിരുന്നു ...ഇരുട്ട് കയറുന്നത് പോലെ തോന്നി ,തല കറങ്ങുന്നു ,കാതുകള്‍ തീവണ്ടിയുടെ കൊലവിളി കേള്‍ക്കാതെ അടഞ്ഞിരിക്കുന്നു ,വിയര്‍പ്പിന്‍ തുള്ളികള്‍ എന്‍റെ മുഖത്ത് പറ്റിപ്പിടിചിരിക്കുന്നു ,വിറയ്ക്കുന്ന കൈകള്‍ പൊട്ടിപ്പോളിയുന്ന തലയെ താങ്ങിക്കൊണ്ടു എത്ര നേരം അങ്ങനെ ഇരുന്നുവെന്നു അറിയില്ല .

ശ്വസോച്ച്വാസം പോലും നിലച്ച ആ രാത്രിയില്‍ അറിയാതെ എങ്കിലും കാലന്‍റെ കയര്‍ കൈയ്യില്‍ പിടിക്കുന്ന ആ ജോലിയെ ശപിക്കാന്‍ തുടങ്ങിയപ്പോഴേക്കും ..അകലെ ദാരിദ്ര്യത്തിന്റെ കരിനിഴലുകളെ പോലെ നാല് മുഖങ്ങള്‍ എന്‍റെ മനസ്സിലേക്ക് ഓടി വന്നു .വിധിയെ പഴിക്കാതെ മറ്റൊരു മരണത്തിന്‍റെ മുഖം കാണരുതേ എന്ന പ്രാര്‍ത്ഥനയാല്‍ ,ഓടി രക്ഷപെടാന്‍ സാധിക്കാത്ത ബന്ധങ്ങളിലും കടമകളിലും മുങ്ങിത്താണ് വീണ്ടും ജോലിയിലേക്ക് ..നീണ്ട നാല്പതു വര്‍ഷങ്ങള്‍ ..മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലൂടെ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി സ്വയം നീറി നീറി ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thank you..